എൻജിനിയറിംഗിന് ചേരണോ?

 ഇത് ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്. ഉത്തരം വേണ്ടാ എന്നു പറഞ്ഞാൽ സ്വന്തം കഞ്ഞിയിൽ പാറ്റയടുന്നതു പോലെയാണ്. വേണം എന്നു പറയാൻ തുടങ്ങുമ്പോൾ ദാസപ്പൻ ചേട്ടനെ ഒർമ്മ വരും. എങ്കിലും ചിലത് കുറിക്കാം. ( വാര്യരാണ് ഗുരു) കണക്ക് ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ മിനിമം മാർക്ക് വേണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവർക്ക് വർഷാവർഷം നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതാം. ഇതിൽ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം.‌ കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. ഇന്ത്യയിലെഎൻജിനിയറിംഗ് പഠനരീതി 1960 കളിലേതാണെന്ന് പറയാം. അക്കാലത്ത് ഇന്ത്യയിൽ വലിയ ഡാമുകൾ പാലങ്ങൾ ഫാക്ടറികൾ എന്നിവ നിർമ്മിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ട എന്ട്രി ലെവൽ എക്സിക്യട്ടവുകളെ വാർത്തെടുക്കാനുള്ള പഠനരീതി എൻജിനിയറിംഗ് കോളേജുകളിൽ ആവിഷകരിച്ചു. അതു തന്നെ ഇപ്പോഴും തുടരുന്നു. പ0ന കാലാവധി 4 വർഷമാണ്. 6 മാസം വീതമുള്ള 8 സെമസ്റ്ററായി ഇതിനെതിരിച്ചിരിക്കുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ട്. നാലു വർഷത്തെ പഠനത്തിൽ ഒന്നാം വർഷം പൊതു എൻജിനിയറിംഗ് വിഷയങ്ങൾ പഠിപ്പിക്കും. രണ്ടും മൂന്നും വർഷങ്ങളിൽ തിരഞ്ഞെടുത്ത മേഖലയിലെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കും. അവസാന വർഷം ആദ്യ മൂന്നു വർഷത്തെ കാര്യങ്ങൾ പ്രായോഗികമായി ചെയ്യാൻ നോക്കും. പുതിയ ബ്രാഞ്ചുകളും സ്പെഷലൈസേഷനുകളും വന്നെങ്കിലും അവയിൽ പോലും പഴയ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ രീതിയിൽ പഠിച്ചിറങ്ങുന്ന മിടുക്കൻമാർക്ക് ഇപ്പോഴും ജോലി കിട്ടും. പക്ഷെ ആവറേജ് ആളുകൾക്ക് ഇപ്പോൾ തൊഴിൽ സാധ്യതയില്ല. അതു കൊണ്ട് എൻജിനിയറിംഗിന് ചേരുന്നതിന് മുൻപ് വിദ്യാർത്ഥിയും രക്ഷിതാവും ഒരു സ്വയം വിലയിരുത്തൽ നടത്തണം. താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കാം. 1, എൻജിനിയറിംഗ് വിദ്യാഭ്യാസ പദ്ധതിയിൽ ഗണിതത്തിന് വളരെ പ്രാമുഖ്യമുണ്ട്. (ഇത് ഒരു തർക്ക വിഷയമാണ്) അതിനാൽ +2 തലത്തിലെ ഗണിതത്തിൽ നല്ല ഗ്രാഹ്യമുണ്ടോ.? കാൽകുലസ് ട്രിഗ്ണോമെട്രി, കോർഡിനേറ്റ് ജോമെട്രി എന്നിവയിൽ സാമാന്യ ധാരണയില്ലെങ്കിൽ എൻജിനിയറിംഗ് പാസാകില്ല. +2 വിന് കണക്കിൽ 45% മാർക്ക് ഇല്ലാത്തവരെ തമിഴ്നാട്ടിൽ ചേർക്കും. ഈ സ്കീമിൽ പോകാതിരിക്കുകയാണ് നല്ലത്. കണക്ക് നാലാം വിഷയമായി +2 വിന് പഠിച്ചിരുന്നവർ പലപ്പോഴും ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. 2. നിങ്ങൾക്ക് സ്വയം കാര്യങ്ങൾ ഗ്രഹിക്കുന്നതിനും പഠിക്കുന്നതിനും കഴിവുണ്ടോ ? എൻജിനിയറിംഗ് വിഷയങ്ങൾ മലയാള പദ്യങ്ങൾ പോലെ കാണാപ്പാഠം പഠിക്കാനുള്ള തല്ല. പലപ്പോഴും മൊത്തം സിലബസിന്റെ മുക്കാൽ പങ്കേ ക്ലാസിൽ പഠിപ്പിക്കു. ബാക്കി വിദ്യ സ്വയം ആർജിക്കണം. അല്ലെങ്കിൽ കോട്ടയത്ത് നടത്തിയിരുന്ന പോലത്തെ ഏതെങ്കിലും ജയിലിൽ ചേരണം. ഭാവി കരിയറിൽ സ്വയം പഠിക്കാനും പ്രയോഗിക്കാനും ധാരാളം അവസരങ്ങൾ വരും അപ്പോഴൊന്നും ട്യൂഷൻ മാസ്റ്റെറെ കിട്ടില്ല. 3 കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാമോ? ഗെയിം കളിക്കാനല്ല. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിയാമോ എന്നാണ് ചോദ്യം. +2 വിന് കമ്പ്യൂട്ടർ പഠിച്ചിട്ടുള്ളവർ ബി ടെക് കഴിഞ്ഞ് ജോലി കിട്ടുന്ന കാര്യത്തിൽ ഒരു പടി മുമ്പിൽ നിൽക്കുന്നതായി കണ്ടിട്ടുണ്ട്. എല്ലാ എൻജിനിബ്രാഞ്ചുകൾക്കും കമ്പ്യൂട്ടർ പ്രോ ഗ്രാമിംഗ് ആവശ്യമാണ്. ഇതു കോളേജിൽ വല്ല ഗസ്റ്റ് ഫാക്കൾട്ടിയുംപഠിപ്പിച്ചേക്കാം. നിങ്ങൾ എൻജിനിയറിംഗ് ന് ചേരാൻ തീരുമാനിച്ചാൽ അത്യാവശ്യമായി കമ്പ്യൂട്ടർ പഠിക്കണം. വേർഡ് പ്രോസസിംഗ്, സ്പ്രെഡ്ഷീറ്റ് ,പൈത്തൺ എന്നിവ ചേരുന്നതിന് മുൻപേ പഠിച്ചാൽ നന്ന്. 4 ഇംഗ്ലീഷ് വൃത്തിയായി എഴുതാനും സംസാരിക്കാനും അറിയാമോ. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടോ.എൻ ജിനിയറിംഗ് കഴിഞ്ഞവർക്ക് പല തലത്തിലും ജോലി സാധ്യതയുണ്ട്' എവിടെ പോയാലും ഇംഗ്ലീഷ് അത്യാവശ്യമാണ്. എൻജിനിയറിംഗ് കോളേജിൽ ആരും നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കില്ല. ഇംഗ്ലീഷ് അറിയാമോ എന്നതിന് ഉത്തരമായി ഇഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചതെന്നു പറയരുത്. അത് ഇഗ്ലീഷല്ല. (ഇന്നലെ യൂണിവേർസിറ്റിയിൽ നിന്ന് വന്ന കത്തിലെ ഇംഗ്ലീഷ് വായിച്ച് കാര്യം മനസിലാക്കാൻ സമയമെടുത്തു.) വ്യക്തമായി ആശയം പ്രകടിപ്പിക്കാനായാൽ നിങ്ങളുടെ കരിയർ പകുതി വിജയിച്ചു എന്ന് പറയാം. 5 നിങ്ങൾക്ക് ഇതിനുള്ള സാമ്പത്തിക ശേഷിയുണ്ടോ. പഠിച്ച് ജോലി നേടി പണം തിരിച്ചടക്കാം എന്ന ആത്മവിശ്വാസമുണ്ടെങ്കിലേ ലോണെടുത്ത് പഠിക്കാവു. സ്വകാര്യ സ്വാശ്രയ ത്തിൽ ലോണെടുത്ത് പഠിക്കരുത്. നിങ്ങൾ പാസാകുന്ന സമയത്ത് അധികാരത്തിലിരിക്കുന്നഗവർമെന്റ് ലോൺ എഴുതിത്തള്ളും എന്ന് പ്രതീക്ഷിക്കരുത്. 6 നിങ്ങൾക്ക് ഷോർട്ട് ഫിലിം, ഡാൻസ്,കളരിപ്പയറ്റ് പാട്ട്, രാഷ്ട്രീയംഎന്നിവയിലൊക്കെയാണ് താൽപര്യമെങ്കിൽ ആ വിഷയം പഠിക്കു. ഇക്കാലത്ത് എല്ലാവർക്കും അവസരങ്ങളുണ്ട്. വെറുതെ എൻജിനിയറിംഗ് എടുത്ത് സമയം പാഴാക്കരുത്. 7 നിങ്ങൾ ഒരു ഓൾറൗണ്ടറാണോ? അത്യാവശ്യം വീട്ടുജോലി, തട്ടു മുട്ട് പണികൾ, എന്നിവയറിയാമോ. മടികൂടാതെ ഇവ ചെയ്യുമോ.?നാട്ടുകാരെ കുപ്പീലിറക്കാൻ കഴിവുണ്ടോ. എങ്കിൽ എൻജിനിയറിംഗ് രംഗത്ത് ശോഭിക്കാൻ സാധ്യത കൂടുതലാണ്. 8 എൻജിനിയറിംഗ് വിദ്യാഭ്യാസം ലോക തൊഴിൽ മാർക്കറ്റിലേക്കുള്ള ഒരു ചവിട്ടു പടി മാത്രമാണ്. നിങ്ങൾ ബാംഗ്ലൂരൊ ബോംബെയിലോ ജോലി എടുക്കാൻ തയ്യാറാണോ. അതിന് നിങ്ങളെ ( പ്രത്യേകിച്ച് പെൺകുട്ടികളെ) വീട്ടുകാർ അനുവദിക്കുമോ. ഏത് ബ്രാഞ്ചാണ് എടുക്കേണ്ടതെന്ന് നാളെ എഴുതാം. (ഇത് എന്റെ സ്വകാര്യ അഭിപ്രായമാണ്‌.)

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.