ഭ്രാന്തൻ
നാട്ടിലുണ്ടായിരുന്ന ഭ്രാന്തൻമാരേക്കറിച്ച് ഓർമിക്കാൻ കാരണം ഇന്ന് നടക്കാൻ
പോയപ്പോൾ കീർത്തി നാറാണത്ത് ഭ്രാന്തന്റെ കഥ പറഞ്ഞതാണ്. സ്കൂൾ ലൈബ്രറിയിലെ
ഏതോ പുസ്തകം കക്ഷി കഴിഞ്ഞു ആഴ്ച വായിച്ചു. വിശദമായി കഥ പറഞ്ഞു തന്നെങ്കിലും
നാറാണത്തു ഭ്രാന്തനെ അവൾ കൃത്യമായി വിഷ്വലൈസ് ചെയ്തോ എന്ന് സംശയമുണ്ട്.
ചോട്ടാ ബിം ഒക്കെ കാണുന്ന ജനറേഷനല്ലെ. നാറാണത്തിനേപ്പോലെ അലഞ്ഞു തിരിഞ്ഞു
നടക്കുന്ന ഒരാളെ അവളിനി കാണുമോയെന്ന് സംശയമാണ്.
പറയാൻ വന്നത് എന്റെ ചെറുപ്പകാലത്ത് നാട്ടിലുണ്ടായിരുന്ന രണ്ട്
ഭ്രാന്തൻമാരേക്കുറിച്ചാണ്. ഒന്നാമത്തെയാൾകിറുക്കൻ കുഞ്ഞേപ്പ് എന്ന
ലക്ഷണമൊത്ത ഭ്രാന്തനായിരുന്നു. താടിയും മുടിയും നീട്ടി വളർത്തി കയ്യിൽ ഒരു
ഭാണ്ഡവുമായി അലഞ്ഞു നടക്കും.എന്തൊക്കെയോ പിറുപിറുക്കും. വെള്ളിയാമറ്റം
സ്കൂളിലേക്ക് പോകുന്ന വഴിയരുകിൽ ഒരു കുപ്പിയുമായി നിന്ന് ഇതിൽ നിറച്ച്
കറണ്ടാണ് എന്നുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞേപ്പിനെ എനിക്ക് നല്ല ഒർമ്മയുണ്ട്.
ഒരു പക്ഷെ എന്റെ സുഹൃത്ത് സജി മാനുവലും ഓർമിക്കുന്നുണ്ടാകും. കുട്ടികളെ
പേടിപ്പിക്കാൻ കിറുക്കൻ കുഞ്ഞേപ്പ് പിടിക്കും എന്ന് നാട്ടുകാരൊക്കെ പറയും.
ആൾ സാധുവാണ് തനി നാടോടി ആരേയും ഉപദ്രവിച്ച തായി കേട്ടിട്ടില്ല. ഞാൻ ഒൻപതിൽ
പഠിക്കുമ്പോൾ കുഞ്ഞേപ്പ് മരിച്ചു. നാറാണത്ത് ഭ്രാന്തൻ സ്റ്റൈലിൽ കൂവക്കണ്ടം
ഭാഗത്ത് ഒരു തോട്ടിലാണ് മരിച്ച് കടന്നത്. ഞങ്ങൾ കുട്ടികൾ കാണാൻ
പോയെങ്കിലും നാട്ടുകാർ ഓടിച്ചു.
രണ്ടാമത്തെയാൾ മൈതിനാണ്. കഞ്ചാവടിച്ച് വട്ടായതാണെന്നാണ്
കേട്ടിട്ടുള്ളത്. വിറകുവെട്ടാണ് ജോലി. ഇളംദേശം ഭാഗത്തെവിടെയോ ആണ്
സ്വദേശം.വലിയ ഒരു മഴുവും ഒരു കെട്ടുമായി വരും. ഷർട്ടൊന്നുമിടില്ല.കഷിക്ക്
പൈസയൊന്നു വേണ്ടവയറു നിറച്ച് ഭക്ഷണം കിട്ടിയാൽ മതി. വെട്ടിയിട്ട റബർ മരങ്ങൾ
ചെറുതായി മുറിച്ച് അടുക്കി വെക്കുന്ന മൈതീനെ ഇപ്പോഴും ഒർമ്മയുണ്ട്. മൈതിനെ
എന്തുകൊണ്ടോ എല്ലാവർക്കും പേടിയായിരുന്നു.അവസാനം എന്തായോ ആവോ.
Comments
Post a Comment