ഗുമസ്തനമ്മാവന്റെ നട


തിരുവനന്തപുരത്ത് ഓരോ കാര്യസാധ്യത്തിനായി വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പുണ്യസ്ഥലമാണ് ഗുമസ്തനമ്മാവന്റെ നട . സന്ദർശിച്ചാൽ മാത്രം പോര അമ്മാവന്റെ ഇഷ്ടനൈവേദ്യമായ ഒ സി ആർ (പൈൻറ്) നിർബന്ധമായും സമർപ്പിക്കണം ഫലം ഉറപ്പ്. ഇനി ഇതിന്റെ പിന്നിലുള്ള ഐതിഹ്യം പറഞ്ഞു തരാം . കൊല്ലവർഷം 1124 നും 1174 നും ഇടയിൽ കോട്ടയം കോത്താഴം സ്വദേശിയായ ഒരു മഹാൻ തിരുവനന്തപുരത്ത് ജീവിച്ചിരുന്നു . (നായരാണെന്നും പള്ളിന്ന് പുറത്താക്കിയ നസ്രാണിയാണെന്നും രണ്ടഭിപ്രായമുണ്ട്) ഇദ്ദേഹത്തെ നാട്ടുകാർ ഗുമസ്തനമ്മാവൻ എന്നായിരുന്നു വിളിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ആപ്പിസിന്റെ ചുറ്റുവട്ടമായിരുന്നു അമ്മാവന്റെ പ്രവർത്തനമേഖല . കോർപറേഷൻ ആപ്പിസിൽ വരുന്നവർക്ക് ഹർജി എഴുതിക്കൊടുക്കുക, അകത്ത് ഹർജി എഴുതാനാവശ്യമായ സാമഗ്രികൾ സംഘടിപ്പിക്കുക , ദക്ഷിണ കൃത്യമായി എത്തേണ്ട സ്ഥലങ്ങളേക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ ജനസേവന പ്രവർത്തനങ്ങൾ നടത്തിയായിരുന്നു അമ്മാവൻ കാലം കഴിച്ചിരുന്നത്. അമ്മാവന്റെ കയ്യക്ഷരത്തിൽ ഒരു ഹർജി എഴുതപ്പെട്ടാൽ ഹർജിക്കാരൻ വേറൊരു വഴിയും നോക്കേണ്ടതില്ല കാര്യം നടന്നിരിക്കും. ഇതിന് നിരവധി സാക്ഷ്യങ്ങളുണ്ട്. നല്ല കയ്യക്ഷരത്തിലുള്ള അമ്മാവന്റെ ഹർജി കണ്ട് യുവരാജാവ് പട്ടും വളയും കൊടുത്തു എന്നു വരെ കരക്കമ്പിയുമുണ്ട്. ജോലിക്ക് കൃത്യം കൂലി അമ്മാവന്റെ പോളിസി ആയിരിന്നു. അത് ദ്രവ്യമായോ ദ്രാവകമായോ സ്വീകരിക്കും.
ഒസിയാറായിരുന്നു അമ്മാവന്റെ ഇഷ്ട പാനിയം അതും വൈകിട്ട് മാത്രം. ജോലിക്കിടയിൽ അലമ്പില്ല. സ്ത്രികളോടും കുട്ടികളോടും പ്രത്യേക പരിഗണന.
ഇങ്ങനെ അമ്മാവൻ കോർപറേഷനാപ്പീസ് ഭരിച്ചിരുന്ന സമയത്ത് ഒരാൾ ഫീസിന് പകരം കാലത്തെതനെ ഒരു പൈൻറ് ഒ സി ആർ അമ്മാവനു സമ്മാനിക്കുകയും അയാളുടെ നിർബന്ധം കാരണം അമ്മാവൻ അപ്പോൾത്തന്നെ കുപ്പി കാലിയാക്കുകയും ചെയ്തു. പ്രതി അമ്മാവന്റെ ഒര കന്ന ബന്ധുവാണെന്നും പറയുന്നുണ്ട്. എന്തു പറയേണ്ടു തുടർന്നെഴുതിയ ഹർജികളിൽ അക്ഷരത്തെറ്റ് കടന്നു കൂടുകയും കക്ഷികളുടെ താൽപര്യങ്ങൾക്ക് വിപരീതമായി ഉത്തരവുകളുണ്ടാവുകയും ചെയ്തു.
ഇതറിഞ്ഞ അമ്മാവൻ മനോവേദന കൊണ്ട് നീറുകയും മേയറെ സമീപിച്ച് ഉചിതമായ ശിക്ഷ ആവശ്യപ്പെടുകയും ചെയ്തു. മേയറാകട്ടെ അമ്മാവനെ ശിക്ഷിക്കാൻ വിസമ്മതിച്ചു. മനോവിഷമം കൂടിയ അമ്മാവൻ ഒരു ഫുൾ ഓസി ആർ ഒറ്റയടിക്കകത്താക്കി. പിറ്റേന്ന് കാലത്ത് മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.
ഇതിനെത്തുടർന്ന് തിരുവനന്തപുരത്ത് അനിഷ്ട സംഭവങ്ങൾ പെട്ടെന്ന് കൂടി . രാജകുടുംബാഗംങ്ങളിൽ ചിലർക്ക് ഡങ്കിപ്പനി, കൗൺസിലർമാരിൽ ചിലർക്ക് കണ്ണിൽ ദീനം ,പോലിസുകാർക്ക് വ്യാപകമായ ജലദോഷം തുടങ്ങി പല ജാതി അസൗകര്യങ്ങൾ ജനങ്ങൾക്കുണ്ടായി. ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുമോ. മേലാവിലേക്ക് ഹർജി പോയി.
ഇതേത്തുടർന്ന് സർക്കാർ പ്രമുഖ ജോത്സ്യൻമാരുടെ യോഗം വിളിച്ച് പരിഹാരം നിർദേശിക്കാൻ ആവശ്യപ്പെട്ടു. അക്കാലത്തെ പ്രമുഖ യുവ ജോത്സ്യനായിരുന്ന ഡോ. കോട്ടുകാൽ സന്താന കൃഷ്ണൻ അമ്മാവന്റെ ആത്മാവിനെ സെക്രട്ടറിയേറ്റ് നടയിലുള്ള ഒരു ബാറിന്റെ കൗണ്ടറിനടിയിൽ നിന്ന് ആ വാ ഹിച്ചെടുത്തു. ഈ ആത്മാവിനെ ഒരു ഓസി ആർ കുപ്പിക്കുള്ളിലാക്കി കോർപ്പറേഷനാപ്പിസി ന്റെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിനോട് ചേർന്ന് പ്രതിഷഠിച്ചു. ഭക്തജനങ്ങൾക്ക് അ മ്മാവനെ വണങ്ങാൻ ചെറിയ ഒരു ഗേറ്റും പണിയിച്ചിട്ടുണ്ട്.
ഇക്കാലത്ത് ഈ ഗേറ്റ് മിക്കപ്പോഴും പൂട്ടിയാണിട്ടിട്ടുള്ളത് . പോലിസ് കാവലും ഉണ്ട്. ഈ ഗേറ്റ് തുറന്നാൽ അമ്മാവൻ ചാടിപ്പോയേക്കുമോ എന്ന ഭയമുള്ളതുകൊണ്ട് ഭക്തർ അതാവശ്യപ്പെടാതിരിക്കുന്നതാണ് നല്ലത്.
നിങ്ങൾ എന്തെങ്കിലും കാര്യസാധ്യത്തിനായി തിരുവനന്തപുരത്ത് വന്നാൽ നടത്തേണ്ട കാര്യം നല്ലമേനിക്കടലാസിൽ എഴുതി അമ്മാവന്റെ നടക്ക് വെച്ച് പ്രാർത്ഥിക്കുക . ഫലം ഉറപ്പാണ്. സിനിമാ നടൻമാർ വക്കീലൻമാർ പ്രതികൾ, ജാമ്യക്കാർ, ജഡ്ജിമാർ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള മലയാളികളുടെയും ഹർജികൾ നടത്തിക്കൊടുക്കുക എന്നതാണ് അമ്മാവൻ പ്രതിഷ്ഠയുടെ ഉദ്ദേശം.
PS: .ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ജഡ്ജിമാരുമായി ഈ ഐതീഹ്യത്തിന് ബന്ധമില്ല.

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.